കൊല്ലങ്കോട് (കന്യാകുമാരി)
അറബിക്കടലിന്റെ തീരത്ത് സമുദ്രനിരപ്പിൽ സ്‌ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് കൊല്ലങ്കോട്. ത്രിവേണി സംഗമത്തിന് സാക്ഷ്യം വഹിക്കുന്ന കന്യാകുമാരി ജില്ലയിൽ, കന്യാകുമാരി മുനമ്പിൽ നിന്നും 62 കിലോമീറ്ററും, ജില്ലാ ആസ്ഥാനമായ നാഗർകോവിലിൽ നിന്നും 41 കിലോമീറ്ററും വടക്കും, കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തിനു 37 കിലോമീറ്റർ തെക്കും മാറിയാണ് കൊല്ലങ്കോടിന്റെ സ്ഥാനം. 33 വാർഡുകൾ അടങ്ങിയതാണ് കൊല്ലങ്കോട് മുനിസിപ്പാലിറ്റി. ഊരമ്പിൽ നിന്നും തുടങ്ങി പുന്നമൂട്ടുക്കട, കച്ചേരിനട, സിലുവപുരം, കല്ലുവെട്ടാങ്കുഴി, കണ്ണനാഗം, കാക്കവിള, ഇളം പാലമുക്ക്, മഞ്ഞത്തോപ്പ്, മേടവിളാകം, കിരാത്തൂർ, നിദ്രവിള, ഏഴുദേശം, വൈക്കല്ലൂർ,കാഞ്ഞാമ്പുറം,കലിംഗരാജപുരം, എന്നീ സ്ഥലങ്ങളും, വള്ളവിള, മാർത്താണ്ഡൻ തുറ,നീരോടി എന്നീ തീരദേശപ്രദേശങ്ങളും ഉൾപ്പെട്ടതാണ് കൊല്ലങ്കോട് മുനിസിപ്പാലിറ്റി. കൊല്ലങ്കോട്,ഏഴുദേശം എന്നീ ടൗൺ പഞ്ചായത്തുകളെ സംയോജിപ്പിച്ചുകൊണ്ട് 2022 ലാണ് കൊല്ലങ്കോട് മുനിസിപ്പാലിറ്റി രൂപീകരിച്ചത്.